ലഹരിക്കെതിരെ കൈകോർക്കാം; ഓപ്പറേഷൻ തൂഫാൻ 2.0
September 29, 2026
ലഹരിക്കെതിരെ കൈകോർക്കാം; ഓപ്പറേഷൻ തൂഫാൻ 2.0
പഞ്ചായത്ത് തല ഉദ്ഘാടനം
ചെറുകാവ് ഗ്രാമപഞ്ചായത്ത് ലഹരിക്കെതിരായ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന “ഓപ്പറേഷൻ തൂഫാൻ 2.0” പദ്ധതിയുടെ ഭാഗമായി ചെറുകാവ് ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടിയുടെ ഭാഗമായി തൂഫാൻ പതാക ഉയർത്തൽ, തൂഫാൻ പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസ്, സന്ദേശം, ബാഡ്ജ് ധരിക്കൽ തുടങ്ങിയ പരിപാടികൾ നടന്നു. ലഹരിയുടെ വ്യാപനവും ഉപയോഗവും തടയുന്നതിനും യുവതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കുന്നതിനും സമൂഹത്തിന്റെ കൂട്ടായ ഇടപെടൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുജാത കളത്തിങ്ങൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മൈമൂന ബഷീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.വി കുഞ്ഞാലൻകുട്ടി, ആരോഗ്യ ചെയർപേഴ്സൺ മിനി സാഹിനി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.22 വാര്‍ഡ് ജനപ്രതിനിധികളും തൂഫാന്‍ വാരിയേഴ്സ് ആയി ബാഡ്ജ് ധരിച്ചു.
ലഹരിക്കെതിരായ പോരാട്ടം നിയമനടപടികളിൽ മാത്രം ഒതുങ്ങാതെ വീടുകളിലേക്കും വിദ്യാലയങ്ങളിലേക്കും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത പരിപാടിയിൽ ചൂണ്ടിക്കാട്ടി. ലഹരിയുടെ ദൂഷ്യഫലങ്ങൾ, യുവതലമുറ നേരിടുന്ന ഭീഷണികൾ, ലഹരി ഉപയോഗം തടയുന്നതിൽ പൊതുസമൂഹത്തിനുള്ള ഉത്തരവാദിത്വം എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസും നടന്നു.
“ലഹരിക്കെതിരെ ഒരു നാട്, ഒരു മനസ്സ്” എന്ന സന്ദേശമുയർത്തി ജനകീയ പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുള്ള പ്രതിജ്ഞയും ചടങ്ങിൽ എടുത്തു.