ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യചരിത്രം
ആദിദ്രാവിഡവര്ഗ്ഗത്തില്പ്പെട്ടവരാണ് ഈ പ്രദേശങ്ങളിലെ ആദിമനിവാസികളെന്നു പറയപ്പെടുന്നു. രാജഭരണകാലത്തെ ചരിത്രാവശിഷ്ടങ്ങളാണ് പറവൂരിന്റെ വടക്കുഭാഗത്തുള്ള വടക്കന്‍മലയിലെ ഭഗവതിക്കോട്ട, നീലാണ്ടന്പാറ, തൊട്ടടുത്ത പുളിക്കല്‍ പഞ്ചായത്തിലെ പൂവ്വത്തിക്കോട്ട തുടങ്ങിയവ. മാംസഭുക്കുകളായ വന്യജീവികള്‍ നിറഞ്ഞ കൊടും വനപ്രദേശമായിരുന്നു പണ്ടുകാലത്തിവിടം. ഏകദേശം ഒരു നൂറ്റാണ്ടിനു മുമ്പുവരെ വീടുകളില്‍ വളര്‍ത്തിയിരുന്ന കന്നുകാലികളെ നരി പിടിച്ചുകൊണ്ടുപോയ കഥകള്‍ പഴമക്കാര്‍ക്കിടയില്‍ നിന്നും കേള്‍ക്കുന്നുണ്ട്. ചേവായൂരിലെ മുന്നിയൂര്കുന്ന്, പെരിങ്ങാവിലെ കരുന്നായിമല, ഐക്കരപ്പടിക്കടുത്തുള്ള കല്ലറക്കുന്ന് എന്നിവിടങ്ങളിലൊക്കെ ഇന്നും കാണാവുന്ന നരിമടകള്‍ ഈ പ്രസ്താവനയെ ശരിവെക്കുന്നതാണ്. സര്‍പ്പകാവുകളും, ഭഗവതി കാവുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായിരുന്ന കാവുകള്‍ നിറഞ്ഞ ഈ പ്രദേശം ചെറുകാവ് എന്ന പേരില്‍ അറിയപ്പെടാന്‍ ഇടയായിയെന്ന് അനുമാനിക്കപ്പെടുന്നു. അരോഗദൃഢഗാത്രരും ആയോധനകലയില്‍ അതീവ പ്രാവീണ്യം നേടിയവരുമായിരുന്നു ഇവിടുത്തെ പൂര്‍വ്വികര്‍ എന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് ചിലേടങ്ങളില്‍ കാണപ്പെടുന്ന കളരികളുടെ അവശിഷ്ടങ്ങള്‍. വെണ്ണായൂരില്‍ ഒരു കളരിയും അതിനോടനുബന്ധിച്ച് ഒരു ക്ഷേത്രവും ഇന്നും നിലനില്‍ക്കുന്നുണ്ട്. നാട്ടുരാജാക്കന്മാരുടെ ഭരണത്തിനു ശേഷം ഈ പ്രദേശം, തിനയഞ്ചരി ഇളയതിന്റെ അധികാരത്തിന്കീഴിലായി. സാമൂതിരി രാജാവിന്റെ സാമന്തനായിരുന്ന തിനയഞ്ചരി ഇളയതിന്റെ അധികാരാവകാശങ്ങള്‍ കാലക്രമേണ സാമൂതിരിരാജാവില് നിക്ഷിപ്തമാവുകയാണുണ്ടായത്. ഭരണസൌകര്യത്തിനു വേണ്ടി സാമൂതിരിരാജാവ് തന്റെ അധീനതയിലുള്ള ഭൂപ്രദേശത്തെ പല ചേരിക്കല്ലുകളായി വിഭജിച്ചിരുന്നു. അതില്‍ കരിപ്പൂര്‍ ചേരിക്കല്ലില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശമാണ് ഇന്നത്തെ ചെറുകാവ് പഞ്ചായത്ത്. പെരിങ്ങാവിലെ കരിയാത്താന്‍കുന്ന് മുതല്‍ വാഴയൂരിലെ തമ്പുരാട്ടികുന്ന് വരെ ഒരു റോഡുണ്ടായിരുന്നതിന്റെ അവശിഷ്ടം, ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തിന്റെ തെളിവാണ്. ചെറുതും വലുതുമായ അനേകം കാവുകള്‍ (സര്‍പ്പകാവുകളും, തെയ്യം തുടങ്ങിയ കലകളും അരങ്ങേറിയ സ്ഥലം) നിറഞ്ഞു നിന്നതായിരുന്നു പണ്ടുകാലത്ത് ഈ പ്രദേശം. 1921-ലെ മലബാര്‍ കലാപകാലത്ത് ബ്രിട്ടീഷുകാരന്റെ പീരങ്കിപ്പടയും, ടാങ്കുകളും ഫറോക്ക് വഴി പൂക്കോട്ടൂരിലേക്ക് കടന്നുപോയതും ഇവിടുത്തെ ഗ്രാമീണ പാതയിലൂടെയാണ്. ബ്രിട്ടീഷുകാരന്റെ സാമ്രാജ്യത്ത്വമേല്‍ക്കോയ്മയുടേയും, ഫ്യൂഡല്‍ ഭൂപ്രഭു ഭരണത്തിന്റെയും കയ്പുനീര് കുടിച്ചതിന്റെ നൂറുനൂറു കഥകള്‍ ഇന്നാട്ടുകാര്‍ക്ക് പറയാനുണ്ട്. മലബാര്‍ പ്രദേശത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ സംഭവമാണ് 1921-ലെ മലബാര്‍കലാപം. മലബാര്‍ സമരചരിത്രത്തില്‍ ചെറുകാവിന്റെ പങ്ക് പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന യാഥാര്‍ത്ഥ്യം വര്‍ഗ്ഗീയ സംഘട്ടനത്തിന്റെ പേരില്‍ ഒരൊറ്റ ആളും ഇവിടെ മരണമടഞ്ഞിട്ടില്ല എന്നതാണ്. പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കെടുത്തതിനു ദീര്‍ഘകാലം ജയില്‍വാസവും പീഡനങ്ങളുമേറ്റവരില് പ്രമുഖരായിരുന്നു ഇ.കെ.കുമാരന്കുട്ടിനായര്, ഗോപിനായര്, ചെറാതൊടി അവറാന്കിട്ടി മുതലായവര്‍.
സാംസ്കാരികചരിത്രം
ചരിത്രാതീതകാലത്തോളം പഴക്കമുള്ളതും ഉന്നതവുമായ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാവുന്ന ഗ്രാമമാണ് ചെറുകാവ്. പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കെടുത്തതിനു ദീര്‍ഘകാലം ജയില്‍വാസവും പീഡനങ്ങളുമേറ്റ ഒട്ടനവധിപേര്‍ ഗ്രാമത്തിലുണ്ടായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചപ്പോഴും വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ ഒന്നുംതന്നെ നടക്കാതിരുന്ന ഒരു ഗ്രാമമായിരുന്നു ഇവിടം. പള്ളികളെയും, മദ്രസകളെയും കേന്ദ്രീകരിച്ചുകൊണ്ടുള്ള പള്ളിക്കൂടങ്ങള്‍ വളരെ പണ്ടുതന്നെ ഈ പഞ്ചായത്തിലും ആരംഭിച്ചിരുന്നു. ചെറുകാവിലെ ആദ്യത്തെ ഗ്രാമീണ വായനശാല 1953-ല്‍ ഐക്കരപ്പടിയില്‍ സ്ഥാപിതമായി. പിന്നീട് പെരിങ്ങാവ്, പുതിക്കോട്, ദാനഗ്രാം, പുളിക്കല്‍ എന്നിവിടങ്ങളിലും വായനശാലകള്‍ ഉയര്‍ന്നു വന്നു. പഞ്ചായത്തിലെ കലാസാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സംരംഭങ്ങളാണ് നവപഥം, വേദി, വെണ്ണായൂര്‍ യൂത്ത് സെന്റര്‍ എന്നിവ. ഹിന്ദു-മുസ്ളീം മതവിഭാഗങ്ങള്‍ ഏകോദര സഹോദരന്മാരെപ്പോലെ കഴിയുന്ന ചരിത്രമേ ഗ്രാമത്തിന് പറയാനുള്ളു. മാളില്‍ മൂത്തേടത്ത്, കുന്നത്ത് വെണ്ണാത്തൊടി, അണിമംഗലം, ചുരക്കാവില്, വിലാസിനികാവ്, പെരുമ്പറയന് കാവ് എന്നിവിടങ്ങളിലാണ് ഗ്രാമത്തിലെ പ്രധാന ഉത്സവങ്ങള്‍ നടക്കുന്നത്. കര്‍ഷകരുടെ മുഖ്യ വിനോദാപാധികളിലൊന്നായിരുന്നു കാളപ്പൂട്ട്. പഞ്ചായത്തിലെ പുളിക്കല്‍, പെരിങ്ങാവ്, ഐക്കരപ്പടി, വെണ്ണായൂര്‍ എന്നിവിടങ്ങളില്‍ കാളപ്പൂട്ട് സ്ഥലങ്ങള്‍ ഉണ്ടായിരുന്നു. പുരാതന കാലത്ത് ഏതാണ്ട് എല്ലാവിഭാഗങ്ങള്‍ക്കിടയിലും ശൈശവ വിവാഹങ്ങള്‍ നിലനിന്നിരുന്നു. കല്ല്യാണത്തോടനുബന്ധിച്ച് കുറിക്കല്ല്യാണം എന്ന ഏര്‍പ്പാട് ഇന്നും പഞ്ചായത്തില്‍ നിലവിലുണ്ട്. മൈലക്കോട്ടുകാവ്, ചൂരക്കാവ്, കൊളക്കാട്ടില്കാവ്, മൈലങ്ങോട്ടുകാവ്, പാലശ്ശേരികാവ്, കരിങ്കാളികാവ്, നാരായണിയില്കാവ്, അമ്പലത്തൊടികാവ് എന്നിവയാണ് ചെറുകാവ് പഞ്ചായത്തിലെ പ്രധാന കാവുകള്‍. സുബ്രഹ്മണ്യ ക്ഷേത്രം ചെവൂയൂര്, അരളിപ്പുറം വിഷ്ണുക്ഷേത്രം പേങ്ങാട്, ലക്ഷ്മിനാരായണക്ഷേത്രം പെരിങ്ങാവ്, പുത്തുതെഞ്ചീരി ക്ഷേത്രം ഇല്ലത്ത്, ശിവക്ഷേത്രം പൂവ്വക്കാട്ട്, ശ്രീവൈകുണ്ഠ മഹാവിഷ്ണുക്ഷേത്രം സിയാംകണ്ടം, ലക്ഷ്മിനരസിംഹക്ഷേത്രം, സുബ്രഹ്മണ്യക്ഷേത്രം വെണ്ണായൂര്‍, തിരുമല ദേവിക്ഷേത്രം ചേലക്കാട് കുന്ന് എന്നിവയാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍. ഐക്കരപ്പടി ബദര്‍പള്ളി, പുത്തുപാടം ജുമാമസ്ജിദ്, ഐക്കരപ്പടി സലഫിമസ്ജിദ്, സിയാം കണ്ടത്തെ പുത്തലം ജുമാമസ്ജിദ്, മസ്ജിദ് സുന്നിയ, പറവൂര്‍ ജുമാമസ്ജിദ്, ചോലക്കോട് ജുമാമസ്ജിദ്, പെരിങ്ങാവ് ജുമാമസ്ജിദ്, പേങ്ങാട് ജുമാമസ്ജിദ് തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട മുസ്ളീം പള്ളികള്‍. മാപ്പിളപാട്ട് രംഗത്തെ സുപ്രസിദ്ധ ഗായകന് വി.എം.കുട്ടി ഈ നാട്ടുകാരനാണ്. ജാതിമത സ്പര്‍ദ്ധ കൂടാതെ വളരെ ഐക്യത്തില്‍ ജീവിക്കുന്ന ജനതയാണ് ചെറുകാവിലേത്. കേരള സുന്നി വിഭാഗം നേതാവായിരുന്ന ഇ.കെ.ഹസ്സന് മുസ്ള്യാര് ഈ പഞ്ചായത്തിലെ സ്ഥിരതാമസക്കാരനായിരുന്നു.